November
Sunday
02
2025
പീരുമേട്ടിൽ തേയില വ്യവസായം വീണ്ടും പ്രതിസന്ധിയിൽ
Share

പീരുമേട്: പീരുമേട്ടിലെ തേയില വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്. സമീപകാലത്ത് പ്രദേശത്തെ മൂന്ന് തേയിലത്തോട്ടങ്ങളാണ് അടച്ചത്. ഇതോടെ അടച്ച തോട്ടങ്ങളുടെ എണ്ണം ഏഴായി. പ്രവർത്തിക്കുന്ന 13 തോട്ടങ്ങളും പ്രതിസന്ധിയിലാണ്.

ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതിനെ തുടർന്നാണ് ഹെലിബറിയ തോട്ടം പൂട്ടിയത്. ശമ്പളത്തോടൊപ്പം പ്രൊവിഡന്റ് ഫണ്ട് മുടങ്ങിയിട്ട് 58 മാസം കഴിഞ്ഞു. ഇതോടെയാണ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹെലിബറിയ തോട്ടം ഉടമകൾ പൂട്ടിയത്. പിഎഫ് കുടിശ്ശിക നൽകാൻ എന്ന പേരിൽ തോട്ടംഭൂമി വ്യാപകമായി വിറ്റെങ്കിലും ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കാതെ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. തോട്ടം തുറക്കണമെന്നും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങളും ചർച്ചകളും നടന്നുവരുകയാണ്.

കമ്പനിയുടെ സാമ്പത്തികസ്ഥിതി അതീവഗുരുതരമാണ്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസങ്ങളിൽത്തന്നെ കോടികളുടെ നഷ്ടമുണ്ടായി. ഈ സാഹചര്യം മറികടക്കാൻ തൊഴിലാളികളുടെയും ട്രേഡ് യൂണിയൻ നേതാക്കളുടെയും സഹായം ആവശ്യപ്പെട്ടിരുന്നു. തോട്ടം നടത്തിപ്പ് പ്രതികൂലമായ സാഹചര്യത്തിൽ അടച്ചിടുകയാണെന്ന് തോട്ടം മാനേജ്‌മെന്റ് ഇറക്കിയ അറിയിപ്പിൽ പറയുന്നു. തൊഴിലാളികളുടെ വേതനം പദ്ധതിപ്രകാരം തുടരുമെന്നും അറിയിപ്പിൽ പറയുന്നു. 2400 ഹെക്ടർ വിസ്തൃതിയുള്ള തോട്ടത്തിൽ 800 സ്ഥിരം തൊഴിലാളികളാണ് ഉള്ളത്.

തേയില ഉത്പാദനം മുടങ്ങി

ഫാക്ടറികൾ പ്രവർത്തിക്കാത്തതിനാൽ ചായപ്പൊടി ഉത്പാദനം മുടങ്ങിയിരിക്കുകയാണ്. നുള്ളിയെടുക്കുന്ന പച്ചക്കൊളുന്ത് പുറത്തുള്ള ഫാക്ടറികൾക്ക് നൽകുകയാണ്. തോട്ടം വ്യവസായത്തിൽനിന്ന്‌ ലഭിക്കുന്ന വരുമാനം കൊണ്ടുമുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നും ശമ്പളം അടക്കമുള്ളവ മുടങ്ങാൻ ഇത് കാരണമാകുന്നെന്നും തോട്ടം മാനേജ്‌മെന്റുകൾ പറയുന്നു. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യമുയർന്നു.

അടച്ചതും പ്രവർത്തിക്കുന്നതും

ചീന്തലാർ, ലോൺട്രി, ബോണാമി, കോട്ടമല തോട്ടങ്ങൾ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. പ്രതിസന്ധി മാറിയാൽ തുറക്കാമെന്ന വാഗ്ദാനം അന്നും തോട്ടം മാനേജ്‌മെന്റ് നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.നിലവിൽ പ്രവർത്തിക്കുന്ന തേങ്ങാക്കൽ, മഞ്ചുമല, ഗ്രാമ്പി, പശുമല, നെല്ലിമല, ഇഞ്ചിക്കാട്, പാമ്പനാർ, ഗ്ലെൻമേരി, ലാഡ്രം, കോഴിക്കാനം, മൗണ്ട്, തങ്കമല തുടങ്ങിയ തോട്ടങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്

ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...