തൊടുപുഴ :കറുപ്പും വെളുപ്പും മാത്രം തിരയിൽ തെളിയുന്ന കാലം തൊട്ടെ ഇടുക്കി മലയാള സിനിമയുടെ പ്രധാന ലൊക്കേഷനാണ്. പീരുമേട്ടിലായിരുന്നു സ്ഥിരം ഔട്ട്‌ഡോർ ഷൂട്ട്. പീരുമേട്ടിലെ സർക്കാർ അതിഥി മന്ദിരമായിരുന്നു മഹാപ്രതിഭകളുടെ സ്ഥിരം താവളം. സംവിധായകൻ കെ.എസ്.സേതുമാധവൻ, പ്രേംനസീർ, സത്യൻ, എം.ജി.ആർ, ജയലളിത എന്നിവരൊക്കെ ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടുണ്ട്. 'പാരിജാതം തിരുമിഴി തുറന്നു എന്ന പാട്ട് വയലാർ എഴുതിയതും ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയതും ഈ ഗസ്റ്റ് ഹൗസിലാണ്. ഇപ്പോഴും പീരുമേട്ടിൽ സിനിമാ ചിത്രീകരണങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു. മൂന്നാറിലും വാഗമണ്ണിലും ചിത്രീകരിച്ച സിനിമകൾ എണ്ണിയാൽ തീരില്ല.
1958-ൽ റിലീസായ എം.ജി.ആറിന്റെ നാടോടി മന്നനാണ് മൂന്നാറിൽ ആദ്യമായി ചിത്രീകരിച്ചതെന്ന് കരുതുന്നത്. ആംഗ്ലിയുടെ ഓസ്‌കർ അവാർഡ് നേടിയ ഹോളിവുഡ് ചിത്രം ലൈഫ് ഓഫ് പൈയിൽ മൂന്നാറിന്റെ സാന്നിധ്യമുണ്ട്. ഷാറൂഖ് ഖാൻ-ദീപിക പദുകോൺ ചിത്രം ചെന്നൈ എക്‌സ്പ്രസും ഇവിടെയാണ് ഷൂട്ട് ചെയ്തത്. ചാർളി, സമ്മർ ഇൻ ബത്‌ലഹേം, അയാളും ഞാനും തമ്മിൽ, അമിതാബ് ബച്ചന്റെ നിശബ്ദ്, ഷീല-സത്യൻ ചിത്രം ഒരു പെണ്ണിന്റെ കഥ, പ്രേംനസീർ-ശാരദ ചിത്രം കസവുതട്ടം, ഐ.വി.ശശി-കമലഹാസൻ ടീമിൻ ഈറ്റ അങ്ങനെ പോകുന്നു. വാഗമണ്ണിൽ ഇയോബിന്റെ പുസ്തകം, ജോസഫ്, ലൂസിഫർ, സൂര്യയുടെ സിങ്കം3, കാർത്തിയുടെ പയ്യ, അഞ്ചാംപാതിര, ഫൈനൽസ് അങ്ങനെ നൂറുകണക്കിന് ചിത്രങ്ങൾ.
50 കോടിയും മഹേഷും പോത്തും
ദൃശ്യമാണ് തൊടുപുഴയെയും രാജാക്കാടിനേയും അടയാളപ്പെടുത്തിയ ചിത്രം. സിനിമ മലയാളക്കരയും കടന്നു മറ്റ് രാജ്യങ്ങളിൽ വരെ തരംഗമായി. മലയാളത്തിലെ ആദ്യ അൻപതു കോടി ചിത്രമായി. പിന്നെയാണ് ദിലീഷ് പോത്തൻ-ശ്യാംപുഷ്‌കർ-ഫഹദ്ഫാസിൽ ടീമിന്റെ മഹേഷിന്റെ പ്രതികാരം വരുന്നത്. ഇടുക്കിക്കാരെ കൃത്യമായി അടയാളപ്പെടുത്തിയ സിനിമ വൻ വിജയമായി. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. കട്ടപ്പനയ്ക്ക് സമീപം മേപ്പാറക്കവലയിലൂടെ കെട്ടുപൊട്ടിച്ചോടിയ പോത്തിന്റെ കഥ പറഞ്ഞ ജല്ലിക്കെട്ട് ഓസ്‌കറിലെ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള മത്സരത്തിനായി ഇന്ത്യയിൽ നിന്നുള്ള എൻട്രിയായി. മലയാളത്തിന്റെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയും തൊടുപുഴയിൽ എത്തി. ഇപ്പോൾ തൊടുപുഴ മലയാളക്കരയുടെ ഹോളിവുഡാണ്. പണ്ടുതൊട്ടേ ഇടുക്കി സനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ്. അതിന് ഭാഷാവ്യത്യാസമില്ല. മലയാളവും തമിഴും ഹിന്ദിയും കടന്ന് ഹോളിവുഡ് ചിത്രങ്ങൾവരെ ഇടുക്കിയെ ഒപ്പിയെടുത്തു. അതിലൊരു പടം ഓസ്‌കർ നേടി ചിരിച്ചു. ഒരെണ്ണം ഓസ്കർ വേദിക്കരികിൽവരെയെത്തി.