September
Tuesday
16
2025
ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ്; 2.20 കോടി രൂപയുടെ ഭരണാനുമതി

ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ കോളേജ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതിന് ഭരണാനുമതിയായി. ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനൽകിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവർത്തിക്കുക. ഈ കെട്ടിടത്തിൽ ആശുപത്രി സൗകര്യങ്ങളൊരുക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഫർണിച്ചറിന് 29.01 ലക്ഷം രൂപയും, കമ്പ്യൂട്ടർ, ഓഫീസ് സ്റ്റേഷനറിയ്ക്ക് 4.09 ലക്ഷം രൂപയും, ഉപകരണങ്ങൾക്കും മറ്റ് സംവിധാനങ്ങൾക്കും 64.54 ലക്ഷം രൂപയും, കൺസ്യൂമബിൾസ്, കെമിക്കൽസ് എന്നിവയ്ക്ക് 22.70 ലക്ഷം രൂപയും ഉപകരണങ്ങൾക്ക് 98.29 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എത്രയും മെഡിക്കൽ കോളേജ് ആശുപത്രി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒപി വിഭാഗവും 50 കിടക്കകളോട് കൂടിയ കിടത്തി ചികിത്സയുമാണ് ലക്ഷ്യമിടുന്നത്. എട്ട് സ്പെഷ്യാലിറ്റി ഒപി വിഭാഗങ്ങളും അതോടനുബന്ധിച്ചുള്ള റിസെപ്ഷൻ, രജിസ്ട്രേഷൻ, അത്യാഹിത വിഭാഗം, ഡയഗ്‌നോസ്റ്റിക്‌സ് സോൺ, ക്രിയകൽപ, ഫിസിയോതെറാപ്പി, യോഗ, ഡിസ്പെൻസറി എന്നീ സൗകര്യങ്ങളൊരുക്കും. ഒന്നാം ഘട്ടത്തിൽ ഒപി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ടി വരുന്ന തസ്തികകളുടെ പ്രൊപോസൽ സർക്കാരിന്റെ പരിഗണനയിലാണ്. ഇടുക്കിയുടെ ദീർഘനാളായുള്ള ആവശ്യമാണ് ആയുർവേദ മെഡിക്കൽ കോളേജ്. ഇവിടെ ആയുർവേദ ചികിത്സയെ ആശ്രയിക്കുന്ന ധാരാളം പേർ ആശ്രയിക്കുന്നുണ്ട്. ആയുർവേദ മെഡിക്കൽ കോളേജ് സാധ്യമാകുന്നതോടെ വിവിധ സ്പെഷ്യാലിറ്റി ചികിത്സകൾ ഇടുക്കിയിൽ സാധ്യമാക്കാനാകും. ഇടുക്കി: ഉടുമ്പൻചോലയിൽ മാട്ടുതാവളത്ത് മുൻ മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ കണ്ടെത്തിയ 20.85 ഏക്കർ വരുന്ന സ്ഥലത്താണ് മെഡിക്കൽ കോളേജ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഈ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിന് മുമ്പ് തന്നെ ജനങ്ങൾക്ക് സേവനം ലഭ്യമാക്കാനാണ് കമ്മ്യൂണിറ്റി ഹാളിൽ മെഡിക്കൽ കോളേജ് ആശുപത്രി ആരംഭിക്കുന്നത്. ഇടുക്കി വികസന പാക്കേജിൽ 2022-23 സാമ്പത്തിക വർഷം അനുവദിച്ച 10 കോടി ഉപയോഗിച്ചുള്ള ആശുപത്രി ഒപിഡി കോപ്ലക്സിന്റെ നിർമ്മാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ടെൻഡർ നടപടികളിലേക്കും നിർമ്മാണത്തിലേക്കും പോകുന്നതിനായി നടപടികൾ തുടങ്ങിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചുകൊണ്ട് 272 മീറ്റർ ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്. ബാക്കി സ്ഥലത്ത് കൂടി ചുറ്റുമതിൽ കെട്ടുന്നതിനും പ്രവേശന കവാടം സ്ഥാപിക്കുന്നതിനുമായി 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപയും ഭരണാനുമതി നൽകി സർക്കാർ ഉത്തരവായിട്ടുണ്ട്. നാഷണൽ കമീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്റെ മാനദണ്ഡ പ്രകാരം രണ്ടാമത്തെ ഘട്ടത്തിൽ കിടക്കകളുടെ എണ്ണം 100 ആയി വർധിപ്പിച്ചും അഡ്മിനിസ്ട്രേറ്റീവ് സെക്ഷൻ, അക്കാഡമിക് സെക്ഷൻ എന്നിവയുടെ നിർമ്മാണം ആരംഭിച്ചുകൊണ്ടും വിദ്യാർത്ഥീ പ്രവേശനം നടത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

side top
Support Silex Digital Technologies | Copyright © 2015 IdLiveHub. · Privacy · Terms

Back to top