എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് വികസനരംഗത്ത് ഇടുക്കി വലിയ മുന്നേറ്റമുണ്ടാക്കിയതായി എം എം മണി എംഎല്‍എ
ചെമ്പകപ്പാറ ഗവ. ഹൈസ്‌കൂളില്‍ വിദ്യാകിരണം പദ്ധതിപ്രകാരം ഒരുകോടി രൂപ മുതല്‍മുടക്കിലുള്ള കെട്ടിടത്തിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യാന്തര നിലവാരത്തിലുള്ള റോഡുകള്‍ നിര്‍മിച്ചതോടെ പശ്ചാത്തല സൗകര്യ വികസനത്തില്‍ ജില്ലയിലെ ഏറെ മുന്‍പന്തിയിലെത്തി. ഇത് ടൂറിസം രംഗത്തെ വളര്‍ച്ചയ്ക്കും ഏറെ സഹായിച്ചു. പൊതുവിദ്യാഭ്യാസ രംഗവും ഏറെ മെച്ചപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങളിലായി. പരമാവധി സ്‌കൂളുകള്‍ക്ക് പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പാക്കിയതായും എം എം മണി പറഞ്ഞു. ചെമ്പകപ്പാറ സ്‌കൂളിന്റെ പുതിയ കെട്ടിടത്തില്‍ രണ്ടാം നില പൂര്‍ണമായും മൂന്നും നാലും നിലകള്‍ കൂടിയും നിര്‍മിക്കാനാവശ്യമായ തുക അടുത്ത ബജറ്റില്‍ അനുവദിക്കുമെന്ന് എംഎല്‍എ ഉറപ്പുനല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച സയന്‍സ് ലാബും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ ജി സത്യന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ലാലാച്ചന്‍ വെള്ളക്കട, ഇരട്ടയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ബിപിസി കെ ആര്‍ ഷാജിമോന്‍, പിടിഎ പ്രസിഡന്റ് എം എന്‍ രാജേഷ്, രമ്യ മനോജ്, അസ്മി സുരേഷ്, സി സുരേഷ്, ജി അമ്പിളി എന്നിവര്‍ സംസാരിച്ചു.